---
title: "കാവലിന് പൊലീസുണ്ട്...! വിനോദസഞ്ചാര കേന്ദ്രങ്ങളിലും തിരക്കേറിയ ഇടങ്ങളിലും ഷാഡോ പൊലീസിന്റെ നിരീക്ഷണം; ഓണത്തിന് സുരക്ഷാ വലയമൊരുക്കി മലപ്പുറം"
english_title: " Malappuram Police Strengthen Security For Onam 68 Shadow Police Deployed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379958/ malappuram-police-onam-security-68-shadow-police-deployed"
published_at: "2026-08-25T14:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8d57e97619a_malappuram-police-onam-security-68-shadow-police-deployed.jpg"
keywords: ["Malappuram Police", "Onam Security", "Shadow Police", "Onam 2026"]
---

# കാവലിന് പൊലീസുണ്ട്...! വിനോദസഞ്ചാര കേന്ദ്രങ്ങളിലും തിരക്കേറിയ ഇടങ്ങളിലും ഷാഡോ പൊലീസിന്റെ നിരീക്ഷണം; ഓണത്തിന് സുരക്ഷാ വലയമൊരുക്കി മലപ്പുറം

> **Lead Summary:** മലപ്പുറം: ഓണാഘോഷ ഭാഗമായി സുരക്ഷ ഉറപ്പാക്കാനും മോഷണം, സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ തടയാനുമായി ജില്ല പൊലീസ് വിപുലമായ സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. വിനോദസഞ്ചാര കേന്ദ്രങ്ങൾ, പൊതുയിടങ്ങൾ, തിരക്കേറിയ വ്യാപാരകേന്ദ്രങ്ങൾ, പട്ടണങ്ങൾ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കും.

## Article Content

മലപ്പുറം: ഓണാഘോഷ ഭാഗമായി സുരക്ഷ ഉറപ്പാക്കാനും മോഷണം, സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ തടയാനുമായി ജില്ല പൊലീസ് വിപുലമായ സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. വിനോദസഞ്ചാര കേന്ദ്രങ്ങൾ, പൊതുയിടങ്ങൾ, തിരക്കേറിയ വ്യാപാരകേന്ദ്രങ്ങൾ, പട്ടണങ്ങൾ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കും.

ഇതിന്റെ ഭാഗമായി ജില്ലയിലെ 34 സ്റ്റേഷനുകളിൽ നിന്നായി 68 ഉദ്യോഗസ്ഥരെ ഷാഡോ പൊലീസ് സംവിധാനത്തിൽ നിയോഗിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലുമെത്തുന്നവരുടെ സ്വർണം, പണം, പഴ്സ്, മൊബൈൽ ഫോൺ തുടങ്ങിയവ മോഷ്ടിക്കുന്ന സംഘങ്ങളെ കണ്ടെത്താനും മോഷണം തടയാനും ഷാഡോ പൊലീസ് നിരീക്ഷണം നടത്തും.

സുരക്ഷക്ക് ഭീഷണിയാകുന്ന സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തി സമയബന്ധിതമായി നടപടി സ്വീകരിക്കാനും സംവിധാനം സഹായമാകും.

വലിയ തോതിൽ ജനങ്ങൾ ഒത്തുകൂടുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രധാന പട്ടണങ്ങളിലും ഗതാഗത നിയന്ത്രണത്തിനും സുരക്ഷാ ക്രമീകരണങ്ങൾക്കുമായി ഏകദേശം 400ഓളം പൊലീസുകാരെ പ്രത്യേക ഡ്യൂട്ടിക്ക് നിയോഗിച്ചു. ജനത്തിരക്ക് നിയന്ത്രിക്കുക, ഗതാഗതക്കുരുക്ക് ഒഴിവാക്കുക, അപകടസാധ്യതയുള്ള മേഖലകളിൽ നിരീക്ഷണം ശക്തമാക്കുക തുടങ്ങിയവയ്ക്ക് അധിക സാന്നിധ്യം ഉറപ്പാക്കും.

ഓണാവധിക്കാലത്ത് ബന്ധുവീടുകളിലേക്കോ വിനോദയാത്രക്കോ പോകുന്നവർക്ക് പൊലീസിന്റെ Pol-App-ലെ ‘Locked House Information’ സംവിധാനത്തിലൂടെ വീട് പൂട്ടി പോകുന്ന വിവരം പൊലീസിനെ അറിയിക്കാം.

ഇത്തരത്തിൽ മുൻകൂട്ടി വിവരം ലഭിക്കുന്നത് പ്രദേശത്തെ പട്രോളിങ് കൂടുതൽ ഫലപ്രദമാക്കാനും വീടുകളുടെയും പരിസരങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും സഹായമാകും. സംശയസാഹചര്യത്തിൽ പ്രദേശത്ത് എത്തുന്നവരെ നിരീക്ഷിക്കാനും പ്രയോജനപ്പെടും.

അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾ 112 എന്ന പൊലീസ് എമർജൻസി നമ്പറിൽ ബന്ധപ്പെടണം. സംഭവസ്ഥലം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതിലൂടെ പൊലീസ് സഹായം വേഗത്തിൽ എത്തിക്കാൻ സാധിക്കും.

**English Summary:**

Malappuram: To ensure safety during Onam celebrations and prevent theft and anti-social activities, Malappuram district police have made extensive security arrangements. 68 shadow police officers from 34 stations have been deployed to monitor tourist places, public places and crowded markets to prevent theft of gold, money, purse and mobile phones. About 400 policemen deployed for traffic control in crowded areas. People going on vacation can inform via Pol-App Locked House Information. Public advised to contact emergency number 112.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379958/ malappuram-police-onam-security-68-shadow-police-deployed)